ബാലികാ പീഡനത്തിന് കടുത്ത ശിക്ഷ ; ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍

CHILD-RAPE

ന്യൂഡല്‍ഹി : ബാലിക പീഡനത്തിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സമീപകാലത്ത് പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളും കൂട്ടബലാത്സംഗങ്ങളും രാജ്യത്തെ ഞെട്ടിച്ചു എന്നും ഈ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ വേഗത്തില്‍ കൊണ്ടുവരുന്നതെന്നും ബില്‍ അവതരിപ്പിച്ച് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

കത്തുവ , ഉന്നാവോ അടക്കമുള്ള പീഡന കേസുകളുടെ പശ്ചാത്തലത്തിലാണ് ബില്‍ ദ്രുതഗതില്‍ സഭയില്‍ അവതരിപ്പിച്ചത്. 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ പരമാവധി വധശിക്ഷ തന്നെ നല്‍കണമെന്നാണ് ബില്‍ ശിപാര്‍ശ ചെയ്യുന്നത്. കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവും. കൂട്ട ബലാത്സംഗത്തിന് പരമാവധി വധശിക്ഷയും കുറഞ്ഞത് ജീവിതാന്ത്യം വരെ തടവും ശിക്ഷ ലഭിക്കും. 16 വയസ്സിന് താഴെയാണ് ഇരയുടെ പ്രായമെങ്കില്‍ കൂടിയത് ജീവിതാന്ത്യം വരെ തടവും കുറഞ്ഞത് 10 മുതല്‍ 20 വര്‍ഷം വരെയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല.

ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് 15 ദിവസം മുന്‍പ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ഇരയുടെ പ്രതിനിധിക്കും കോടതി നോട്ടീസ് അയക്കണം. മുതിര്‍ന്ന സ്ത്രീയാണ് ഇരയെങ്കില്‍ പരമാവധി ജീവപര്യന്തവും കുറഞ്ഞത് 10 വര്‍ഷം വരെയും തടവ് ശിക്ഷ ലഭിക്കും. രണ്ട് മാസത്തിനകം അന്വേഷണവും അടുത്ത രണ്ട് മാസത്തിനകം വിചാരണയും പൂര്‍ത്തിയാക്കണം. ബില്‍ എതിര്‍പ്പുകളില്ലാതെ പാസാക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍.

ബില്‍ ഇരുസഭകളും അംഗീകരിച്ചാല്‍ കഴിഞ്ഞ ഏപ്രില്‍ 21ന് രാഷ്ട്രപതി ഒപ്പിട്ട ക്രിമിനല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സുമായി വച്ചുമാറും.

Top