ഭുവനേശ്വര്‍: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട പോലീസ് സംഘത്തെ ജനക്കൂട്ടം മര്‍ദിച്ചു. ഒഡീഷയിലെ ദേബന്‍ബഹാലി ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ‘ചൈതി പര്‍ഭ’ ആഘോഷത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് ഗ്രാമത്തില്‍ ഒത്തുകൂടിയിരുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരത്തില്‍ ആഘോഷപരിപാടി നടത്തുന്നതറിഞ്ഞാണ് പോലീസ് പരിശോധനക്ക് ഗ്രാമത്തിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത്രയും പേര്‍ ഒത്തുകൂടിയാല്‍ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും പോലീസ് നാട്ടുകാരോട് പറഞ്ഞു. ഇതിനെതുടന്ന് രോഷാകുലരായ നാട്ടുകാര്‍ പോലീസ് സംഘത്തെ അക്രമിക്കുകയായിരുന്നു. വടി കൊണ്ടും കല്ല് കൊണ്ടുമാണ് പോലീസുകാരെ നാട്ടുകാര്‍ മര്‍ദിച്ചത്. പോലീസ് വാഹനവും തകര്‍ത്തു.
പ്രതികളായ 12 പേരെ വിവിധയിടങ്ങളില്‍നിന്ന് പോലീസ് പിടികൂടിയതായി മയൂര്‍ബഞ്ച് എസ്.പി. അറിയിച്ചു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.