ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ വന്ദേമാതരം ആലപിച്ച് കാണികള്‍. 32,000-ലധികം ക്രിക്കറ്റ് ആരാധകര്‍ ചേര്‍ന്ന് ഒരേ സ്വരത്തിലാണ് വാങ്ക്‌ഡേയില്‍ വന്ദേമാതരം പാടിയത്. ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ ചുവടു വച്ചതിന്റെ ആവേശവും അഭിമാനവും നിറഞ്ഞു വാങ്ക്‌ഡേയില്‍. ലോകകപ്പിലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങളിലും സമാന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Vande Mataram at wankhede ! 🇮🇳 #INDvsNZ pic.twitter.com/7qOPFCKBk0
— Sachin More 🔱🚩 (@SM_8009) November 15, 2023
മത്സരത്തില്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ രണ്ട് സുപ്രധാന റെക്കോഡുകളും കോഹ്ലി തിരുത്തി. ഏകദിന ക്രിക്കറ്റിലെ 50-ാം സെഞ്ചുറി നേട്ടമായിരുന്നു ഒന്ന്. സച്ചിന്റെ 49 സെഞ്ചുറികളെന്ന നാഴികകല്ലാണ് കോഹ്ലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സും ഇനി കോഹ്ലിയുടെ പേരിലാണ്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് വലം കയ്യന്‍ ബാറ്റര്‍ തിരുത്തിയത്.മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ന്യൂസിലന്‍ഡിന് അടിപതറുകയായിരുന്നു. 327 റണ്‍സിനാണ് കിവീസ് പുറത്തായത്. 134 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റെ പോരാട്ടവും വിഫലമായി. ഷമിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പ് ചരിത്രത്തില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരമാകാനും ഷമിക്കായി.
ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണെടുത്തത്. വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരിന്റേയും സെഞ്ചുറികളുടെ മികവിലായിരുന്നു ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.