വന്യമൃഗാക്രമണവും , വിദ്യാർത്ഥിയുടെ ആത്ഹത്യയുമല്ല ഇപ്പോഴത്തെ വിഷയം . . .

ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം തീര്‍ച്ചയായും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ചര്‍ച്ച ചെയ്യപ്പെടും. 2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒറ്റ സീറ്റ് ലഭിച്ചപ്പോള്‍ യു.ഡി.എഫ് നേടിയത് 19 സീറ്റുകളാണ്. ബി.ജെ.പിക്ക് ആകട്ടെ തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

2019-ല്‍ നിന്നും 2024 -ല്‍ എത്തുമ്പോള്‍ ഈ തിരഞ്ഞെടുപ്പിന് പ്രത്യേകതകളും ഏറെയാണ്. അതില്‍ പ്രധാനം നാളെ രാഹുല്‍ഗാന്ധി ഇന്ത്യഭരിക്കും എന്ന അവകാശവാദം ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ്. കേരളത്തില്‍ നിന്നും കഴിഞ്ഞ തവണ ലഭിച്ച 19 സീറ്റുകള്‍ ഇത്തവണയും തൂത്തുവാരിക്കളയുമെന്ന അഹങ്കാരവും നിലവില്‍ യു.ഡി.എഫിനില്ല. കോണ്‍ഗ്രസ്സ് നേരിടുന്ന പ്രതിസന്ധിയും മുസ്ലീം ലീഗ് – സമസ്ത തര്‍ക്കവും കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ ഇല്ലാത്തതും എല്ലാം യു.ഡി.എഫ് നേരിടുന്ന വലിയ പ്രതിസന്ധിയാണ്. സംസ്ഥാന സര്‍ക്കാറിനെതിരായി ഫലപ്രദമായ ഒരു സമരം ഉയര്‍ത്തി കൊണ്ടുവരാനും ഇതുവരെ കോണ്‍ഗ്രസ്സിനും ലീഗിനും കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ വയനാട്ടിലെ വെറ്ററനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവവും വന്യജീവികളുടെ ആക്രമണങ്ങളുമാണ് സര്‍ക്കാറിനെതിരെ പ്രധാന പ്രക്ഷോഭമായി കോണ്‍ഗ്രസ്സ് ഉയര്‍ത്തി കൊണ്ടു വരുന്നത്.

കോതമംഗലത്ത് ആന ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വീട്ടമ്മയെ ആക്രമിച്ചതു പോലെയാണ് കോണ്‍ഗ്രസ്സ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവരും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ഈ അറസ്റ്റും കോണ്‍ഗ്രസ്സ് വലിയ രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ എന്നതിലുപരി ജനങ്ങള്‍ ഏറ്റെടുത്ത ഒരു പ്രക്ഷോഭമായി അതൊന്നും ഇതുവരെ മാറിയിട്ടില്ല. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ ശവശരീരം വച്ച് രാഷ്ട്രീയം കളിക്കുന്നതിനോട് യോജിപ്പില്ലന്ന് അവരുടെ ബന്ധുക്കള്‍ തന്നെ പറഞ്ഞതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുന്നത്. ഇതിനു പിന്നാലെ മാര്‍ച്ച് 5 ന് ആതിരിപ്പള്ളിയിലെ വിരിപ്പാറയില്‍ ഒരു ആദിവാസി സ്ത്രീയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരണപ്പെട്ടതും അതേ ദിവസം തന്നെയാണ്. ഇതെല്ലാം തന്നെ സര്‍ക്കാറിന്റെ കഴിവു കേടാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതില്‍ അവര്‍ വിജയിച്ചോ എന്നത് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ മാത്രമേ വ്യക്തമാവുകയൊള്ളൂ.

മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി സര്‍ക്കാറിനെതിരെ നിരവധി വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തി കൊണ്ടു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട ആരോപണം ഇതില്‍ പ്രധാനമാണ്. ഇതിനു ശേഷമാണ് വയനാട്ടിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും വന്യ ജീവി ആക്രമണങ്ങളും പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ക്കുമെതിരായ പൊലീസ് നടപടിയും സംസ്ഥാന തലത്തിലാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും ലീഗുമെല്ലാം ആയുധമാക്കിയിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ യു.ഡി.എഫിന്റെ ആത്മവിശ്വാസം 20-ല്‍ 20 സീറ്റും ലഭിക്കുമെന്നതാണ് ബി.ജെ.പി അവകാശപ്പെടുന്നത് രണ്ട് സീറ്റുകളാണ്. ഇടതുപക്ഷമാകട്ടെ എത്ര സീറ്റെന്നത് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസ്സിലാകുമെന്നാണ് പറയുന്നത്. ഇടതു നേതാക്കളുടെ ഈ പ്രതികരണത്തില്‍ തന്നെ അവരുടെ ആത്മവിശ്വാസവും വ്യക്തമാണ്. 2019-ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ഇടതുപക്ഷത്തിന് ഇത്തവണ രണ്ട് സീറ്റില്‍ വിജയിച്ചാല്‍ പോലും അത് നേട്ടമാണ്. കാരണം ഒരു സീറ്റ് മാത്രം ലോകസഭയില്‍ ഉണ്ടായിരിക്കെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് ഇടതുപക്ഷം തൂത്തുവാരിയിരുന്നത്. യു.ഡി. എഫിന് ലഭിച്ച 41 സീറ്റുകളില്‍ തൃപ്പൂണിത്തുറ പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലങ്ങളില്‍ ഏതാനും വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണുള്ളത് എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ലോകസഭ തിരഞ്ഞെടുപ്പില്‍ നിലവിലെ ഒരു സീറ്റ് മാത്രം ലഭിച്ചാല്‍ പോലും ഇടതുപക്ഷത്തിന് 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു ആത്മവിശ്വാസകുറവും ഉണ്ടാവുകയില്ല. എന്നാല്‍ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും അവസ്ഥ അതല്ല. കഴിഞ്ഞ തവണ നേടിയ 19 ലോകസഭ സീറ്റില്‍ എത്ര എണ്ണം കുറത്താലും അവരുടെ ഉള്ള ആത്മവിശ്വാസമാണ് നഷ്ടമാകുക. പത്തില്‍ കുറവാണെങ്കില്‍ മുസ്ലീംലീഗിലെ ഒരുവിഭാഗം മുന്നണി വിട്ടു പോകാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരമൊരു അവസ്ഥയില്‍ കോണ്‍ഗ്രസ്സിലും വലിയ പിളര്‍പ്പിന് സാധ്യതയുണ്ട്.

ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ബി.ജെ.പിയുടെ സ്ഥിതിയും ഏതാണ്ട് ഇതിന് സമാനമായിരിക്കും. കേരളമെന്ന സ്വപ്നം ബി.ജെ.പി ദേശീയ നേതൃത്വത്തിനും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യത്തിനു കൂടിയാണ് ലോകസഭ തിരഞ്ഞെടുപ്പ് ഫലം ഉത്തരം നല്‍കുക.ഇത്രയും വിവാദങ്ങളും എതിര്‍പ്പും ഉണ്ടായിട്ടും ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടം ഉണ്ടാക്കിയാല്‍ പിന്നെ അടുത്ത കാലത്തൊന്നും കേരളത്തില്‍ ഒരു ഭരണമാറ്റം സാധ്യമാകുകയില്ല. ശക്തമായ സംഘടനാ അടിത്തറയും നവ കേരള സദസ്സിന്റെ വന്‍ വിജയവും ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്ന പ്രധാന ഘടകമാണ്. ഏത് വിവാദങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള കരുത്താണിത്. സംഘപരിവാര്‍ വിരുദ്ധ രാഷ്ടീയത്തിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയതില്‍ ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലിയ പങ്കുള്ളതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വലിയ തോതിലുള്ള പിന്തുണയാണ് ഇടതുപക്ഷത്തിനുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങളില്‍ പോലും വലിയ സ്വീകാര്യതയാണ് ഇടതുപക്ഷത്തിന് ലഭിച്ചിരുന്നത്.

ബി.ജെ.പിക്കൊപ്പം ബി.ഡി.ജെ.എസും വെള്ളാപ്പള്ളിമാരും ഉണ്ടായിട്ടും എന്‍.എസ്.എസ് നേതൃത്വം ഇടതിന് എതിരായ നിലപാട് സ്വീകരിച്ചിട്ടു പോലും ഇടതുപക്ഷത്തിന്റെ ഹൈന്ദവ വോട്ട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ പ്രതിപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ ഹൈന്ദവ പിന്തുണയുള്ള പാര്‍ട്ടി സി.പി.എമ്മാണ്. സി.പി.എമ്മിന്റെ ഈ കരുത്താണ് ബി.ജെ.പിയെ പ്രതിരോധിച്ചു നിര്‍ത്തുന്നത്. ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിയതു കൊണ്ടാണ് ന്യൂനപക്ഷ വിഭാഗങ്ങളും ഇടത്തോട്ട് ചെരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ അടിത്തറ തകര്‍ക്കുന്ന നീക്കമാണിത്.

രാജ്യം നാളെ രാഹുല്‍ ഗാന്ധി ഭരിക്കുമെന്ന പ്രതീക്ഷയൊന്നും കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയിലില്ല. അത്തരമൊരു വാദം കോമഡിയായി മാറുമെന്നതിനാല്‍ കോണ്‍ഗ്രസ്സ് പോലും അത്തരമൊരു അവകാശവാദം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നില്ല. ആരൊക്കെ നിഷേധിച്ചാലും കേന്ദ്രത്തില്‍ മൂന്നാമതും മോദി തന്നെയാണ് അധികാരത്തില്‍ വരാന്‍ പോകുന്നത്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും ജനപ്രതിനിധികളും ബി.ജെ.പിയില്‍ ചേക്കേറുന്നതും അവര്‍ക്ക് അക്കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച് അയച്ചതും കോണ്‍ഗ്രസ്സ് എം.എല്‍.എമാരാണ്. കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ മോദി സര്‍ക്കാര്‍ വീണ്ടും വരുമെന്ന് പറയുമ്പോള്‍ അതിനെ ഒരിക്കലും നിസാരമായി കാണേണ്ട കാര്യമില്ല. അത്തരമൊരു വിജയ വഴിയിലേക്ക് ബി.ജെ.പിയെയും മോദിയെയും നയിക്കുന്നതില്‍ വലിയ പങ്കാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിനുള്ളത്. മിന്നല്‍ വേഗത്തിലാണ് ഖദറിപ്പോള്‍ കാവിയണിയുന്നത്. പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യാ’ സഖ്യത്തെ ചതിക്കുന്ന ഏര്‍പ്പാടു തന്നെയാണിത്.

ഇവിടെയാണ് തമിഴാനാട്ടിലെ ഡി.എം.കെ സഖ്യവും കേരളത്തിലെ ഇടതുപക്ഷവും വ്യത്യസ്തമാകുന്നത്. ‘നാളെ ഇന്ത്യ ഭരിക്കും’ എന്ന ഒരു അവകാശവാദവും അവര്‍ മുന്നോട്ടു വയ്ക്കുന്നില്ല.അവര്‍ വോട്ട് ചോദിക്കുന്നത് സ്വന്തം മണ്ണിലെ സുരക്ഷിതത്വം ഉറപ്പു നല്‍കിയാണ്. മോദി സര്‍ക്കാര്‍ എന്തൊക്കെ കരിനിയമങ്ങള്‍ കൊണ്ടു വന്നാലും അതൊന്നും തമിഴ്നാട്ടിലും കേരളത്തിലും നടപ്പാക്കില്ലന്ന ഉറപ്പാണത്. ഇത്തരമൊരു ഉറപ്പ് കോണ്‍ഗ്രസ്സ് ഭരണം നടത്തുന്ന 3 സംസ്ഥാനങ്ങളില്‍ പോലും നല്‍കാന്‍ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

തനിക്ക് വല്യേട്ടനെ പോലെയാണ് നരേന്ദ്രമോദിയെന്നാണ് കോണ്‍ഗ്രസ്സ് നേതാവായ തെലങ്കാന മുഖ്യമന്ത്രി പറയുന്നത്. ഗുജറാത്തിനെ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച പ്രതികരണമാണിത്. ഖദറിനുള്ളിലെ കാവി മനസ്സാണ് ഇതോടെ പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ശക്തമാണ്. കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ ആ കൈപ്പത്തിയില്‍ കിടന്ന് താമരയാണ് വിരിയാന്‍ പോകുന്നത്. എന്നാല്‍ അരിവാളിന്റെ അവസ്ഥ അതല്ല. താമര ഇതളുകള്‍ കൊയ്യുന്ന മൂര്‍ച്ചയുള്ള ആയുധമാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ്… ഇടതുപക്ഷം ഇപ്പോള്‍ വോട്ട് തേടുന്നത്. യു.ഡി.എഫിനെ ശരിക്കും വെട്ടിലാക്കുന്ന പ്രചരണ തന്ത്രം തന്നെയാണിത്. അതെന്തായാലും… പറയാതെ വയ്യ . . .

Top