സിംല: ഹിമാചല്‍ പ്രദേശില്‍ പ്രതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഐ ജി ഉള്‍പ്പടെ എട്ട് പൊലീസുകാരെ സി ബി ഐ അറസ്റ്റ് ചെയ്തു.
സിംലയിലെ കൊട്‌ഖൈയില്‍ 16 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കേസിലെ പ്രതിയായ നേപ്പാളി തൊഴിലാളിയാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.
ജൂലൈ ആദ്യ വാരം നടന്ന ബലാത്സംഗം അന്വേഷിച്ചത് ഐ ജി സഹുര്‍ ഹൈദര്‍ സൈദിയുടെ നേതൃത്വത്തിലായിരുന്നു.
ഐ.ജിയെ കൂടാതെ ഡി.എസ്.പിയും കൊട്‌ഖൈ സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജും അടക്കമുള്ളവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് നാട്ടില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കൂടാതെ പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും യഥാര്‍ത്ഥ പ്രതിയെ അല്ല പിടിച്ചതെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു.
സര്‍ക്കാറിനെയും പൊലീസിനെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കിയ കേസില്‍ പൊലീസ് പിടികൂടിയ പ്രതി കസ്റ്റഡിയില്‍ മരിച്ചതോടെ പ്രക്ഷോഭം ശക്തമായി. തുടര്‍ന്ന് ജൂലെ 22 നാണ് ബലാത്സംഗക്കേസും കസ്റ്റഡി മരണവും സി.ബി.ഐ അന്വേഷണത്തിന് വിട്ടത്.
എന്നാല്‍, രണ്ടു കേസുകളിലും സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്നും, രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സെപ്തംബര്‍ നാലുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.