സൈകോവ് -ഡി വാക്‌സീന്‍ അടുത്തമാസത്തോടെ വിപണിയില്‍

ന്യൂഡല്‍ഹി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് -ഡി വാക്‌സീന്‍ സെപ്തംബര്‍ മുതല്‍ വിപണിയിലെത്തിത്തുടങ്ങും. നിര്‍മാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്.

അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എന്‍ എ വാക്‌സീന്‍ ആയ സൈകോവ്ഡി വാക്‌സീന്‍ പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന വിദ്ഗധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സീനാണ് സൈകോവ്-ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്‌സീനാണിത്.

66 ശതമാനമാണ് ഈ വാക്‌സീന്റെ ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സൈകോവ് ഡി വാക്‌സീന്‍ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാര്‍മജെറ്റ് എന്ന ഇന്‍ജക്ടിങ് ഗണ്‍ കുത്തിവയ്ക്കും പോലെ അമര്‍ത്തുമ്പോള്‍ വാക്‌സീന്‍ തൊലിക്കടിയിലേക്കെത്തുന്ന കുത്തിവയ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്‌സീന്‍ ആണ് സൈക്കോവ് ഡി വാക്‌സീന്‍.

Top