അണക്കെട്ടുകള്‍ നിറഞ്ഞു; ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീതി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീതി ഉയര്‍ന്നു. പല ജില്ലകളിലും പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ 18 മണിക്കൂറിനിടെ പെയ്ത മഴയില്‍ ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലും തെക്കന്‍ ഗുജറാത്തിലുമാണ് ഒരു ദിവസത്തിനിടെ അതിശക്തമായ നിലയില്‍ മഴ പെയ്തത്.

ഗിര്‍ സോംനാഥ് ജില്ലയില്‍ മാത്രം 350 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞ 18 മണിക്കൂറിനിടെ പെയ്തത്. രാജ്‌കോട്ടില്‍ 300 മില്ലീമീറ്ററിലേറെ മഴ ഇന്നലെ രാത്രി മാത്രം പെയ്തു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. രാജ്കോട്ടിലെ ദൊറാജി സിറ്റിയിലാണ് വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത്.

സംസ്ഥാനത്ത് അണക്കെട്ടുകള്‍ ഭൂരിഭാഗവും വെള്ളം നിറഞ്ഞ നിലയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. 43 അണക്കെട്ടുകള്‍ ഹൈ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനം വന്‍ ദുരിതത്തിലേക്ക് തള്ളിവിടപ്പെട്ടതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായ ദേശീയ ദുരന്ത നിവാരണ സേനയെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും പലയിടങ്ങളിലും എത്തിയിട്ടുണ്ട്.

Top