ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം; ടി.വി അനുപമ

anupama

കൊച്ചി: കേരളത്തിത്തേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ യുഎഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ യാതൊരുവിധ കത്തിടപാടുകളും നടത്തിയിട്ടില്ലെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമ. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് മൊഴി. നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്ന കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുമ്പിലാണ് അനുപമ മൊഴി നല്‍കിയിരിക്കുന്നത്.

2017 മേയ് 26നാണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് വഴിയായിരുന്നു ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. എല്ലാ ജില്ലകളിലും സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു പരിപാടി. 17000 കിലോ ഈന്തപ്പഴം കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തെങ്കിലും ഇത് മുഴുവന്‍ എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു

നേരത്തെ, കൊച്ചി തുറമുഖത്തു കണ്ടെയ്‌നറിലെത്തിയ ഈന്തപ്പഴം വാങ്ങുന്നതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നേരിട്ടെത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വപ്ന സെക്രട്ടേറിയറ്റിലെ ഉന്നതര്‍ക്കും തലസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഈന്തപ്പഴം വിതരണം ചെയ്തതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Top