മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും

ന്യൂഡല്‍ഹി: കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ തൃശൂര്‍ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന് സൂലൂര്‍ വ്യോമത്താവളത്തില്‍ എത്തിക്കും.

സൂലൂര്‍ വ്യോമത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്. സൂലൂരില്‍ നിന്ന് നാളെ റോഡ് മാര്‍ഗം സ്വദേശമായ പുത്തൂരിലേക്ക് മൃതദേഹം എത്തിക്കുമെന്നും കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പ്രദീപ് പഠിച്ച പൂത്തൂര്‍ ഗവ. സ്‌കൂളിലാണ് പൊതുദര്‍ശനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

നേരത്തെ, പ്രദീപിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2018-ല്‍ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോള്‍ നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്‌നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് അദ്ദേഹം അനുസ്മരിച്ചു.

Top