അമേരിക്കയിൽ ഇന്ത്യൻ വംശജയായ അഞ്ചു വയസുകാരിയുടെ മരണം; യുവാവിന് 100 വർഷം തടവുശിക്ഷ

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ അഞ്ചു വയസുകാരിയുടെ മരണത്തിൽ അമേരിക്കയിൽ യുവാവിന് 100 വർഷം തടവുശിക്ഷ. 35 കാരനായ ജോസഫ് ലീ സ്മിത്തിനെയാണ് 100 വർഷത്തേക്ക് ശിക്ഷിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൂസിയാന സംസ്ഥാനത്തിൽ 2021ലാണ് സംഭവം. മിയ പട്ടേൽ എന്ന പെൺകുട്ടി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

മോങ്ക്ഹൗസ് ഡ്രൈവിലെ ഒരു ഹോട്ടൽ മുറിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മിയാ പട്ടേലിന്റെ തലയിലേക്ക് വെടിയുണ്ട തുളച്ചു കയറുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ പെൺകുട്ടി മരിക്കുകയായിരുന്നു. 2021 മാർച്ച് 23 നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

ഹോട്ടൽ ഉടമകളായിരുന്ന വിമലിനും സ്നേഹൽ പട്ടേലിനുമൊപ്പം ഹോട്ടലിന്റെ ​ഗ്രൗണ്ട് ഫ്ളോറിലായിരുന്നു മിയയും ഇളയ സഹോദരനും താമസിച്ചിരുന്നത്. അതേസമയം, സ്മിത്തും മറ്റൊരാളും തമ്മിൽ തർക്കമുണ്ടാവുകയും സ്മിത്ത് തോക്കുകൊണ്ട് അടിക്കുകയും ചെയ്തു. എന്നാൽ തോക്കിൽ നിന്നും ബുള്ളറ്റ് അടുത്തമുറിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ തലക്കേൽക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ രണ്ടു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 60 വർഷത്തേക്ക് സ്മിത്തിന് തടവുശിക്ഷ ജില്ലാ ജഡ്ജി ജോൺ ഡി മോസ്‌ലി വിധിക്കുകയായിരുന്നു. കൂടാതെ 40 വർഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. സ്മിത്ത് സ്ഥിര കുറ്റവാളിയായതിനാലാണ് ശിക്ഷ കടുത്തതെന്നാണ് റിപ്പോർട്ട്.

Top