കീവ്: തെക്കന്‍ യുക്രെയ്‌നിലെ തുറമുഖനഗരമായ ഒഡേസയില്‍ പാര്‍പ്പിടസമുച്ചയത്തില്‍ റഷ്യ നടത്തിയ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. യുവതിയുടെയും 4 മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹം ഇന്നലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു കണ്ടെടുത്തതോടെയാണിത്. ഈ കുഞ്ഞിനെ കൂടാതെ 3 വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇറാന്‍ നിര്‍മിത ഷഹീദ് ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാശ്ചത്യരാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കുന്നതു വൈകിക്കുന്നത് യുക്രെയ്ന്‍ സേനയുടെ പ്രതിരോധം ദുര്‍ബലമായിട്ടുണ്ട്.
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ അഞ്ചുനില പാര്‍പ്പിട സമുച്ചയത്തില്‍ ഡ്രോണാക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ക്രൈമിയയില്‍ യുക്രെയ്‌നിന്റെ 38 ഡ്രോണുകളെ ഇന്നലെ വെടിവച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ന്‍ നയതന്ത്രത്തിന്റെ ചുമതലയുളള ചൈനീസ് പ്രത്യേക പ്രതിനിധി ലീ ഹുയി മോസ്‌കോയിലെത്തി റഷ്യയുടെ ഉപ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി.യുക്രെയ്‌നിലെ വിവിധ നഗരങ്ങളില്‍ ഒറ്റ രാത്രിയില്‍ 17 ഡ്രോണാക്രമണമാണു റഷ്യ നടത്തിയത്. ഇതിലേറെയും യുക്രെയ്ന്‍ സേന വെടിവച്ചിട്ടു.