അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്സഭയില്‍ ഇന്നും ചര്‍ച്ച തുടരും; ചര്‍ച്ചയില്‍ അമിത് ഷാ പ്രസംഗിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്സഭയില്‍ ഇന്നും ചര്‍ച്ച തുടരും. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പ്രസംഗിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് അമിത് ഷായുടെ പ്രസംഗം. മണിപ്പുര്‍ കലാപത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെക്കുറിച്ചും വിശദീകരിക്കും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ മംഗാര്‍ ദാമില്‍ പൊതു പരിപാടിയില്‍ പങ്കടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ ആദ്യ ദിനമായ ഇന്നലെ ലോക്സഭയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാന്‍ ലോകം ചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിചിരുന്നു.

Top