ആക്രമിക്കാൻ തീരുമാനമെടുത്തത് പ്രധാനമന്ത്രി തന്നെയാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോര്‍ട്ട്.

ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയില്‍ മോദിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് വ്യോമാതിര്‍ത്തി ലംഘിച്ച് ഭീകരക്യാമ്പുകള്‍ ആക്രമിക്കാന്‍ തീരുമാനമെടുത്തത്.

പാക് അധീനകശ്മീരിലെ ജയ്‌ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്.

ഇന്ന് പുലർച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്.

ബാലാകോട്ട് സെക്ടറിലെ ഭീകരരുടെ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നു. മിറേജ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്.

ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്.

Top