നിയുക്ത മന്ത്രി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി വേണമെന്ന കേരള കോണ്‍ഗ്രസ് (ബി)യുടെ ആവശ്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. എന്നാല്‍ വകുപ്പുമാറ്റം ഉണ്ടാകില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേഷിനായി പാര്‍ട്ടി മുഖ്യമന്ത്രി പിണറായി വിജയനോടാണ് സിനിമ വകുപ്പ് കൂടി ചോദിച്ചത്.
ഈ മാസം 29ന് വൈകിട്ട് രാജ്ഭവനിലാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നത്. അതിനാല്‍ ഇന്ന് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള പുനസംഘടന. കാര്യങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമ്പോള്‍ എല്‍ഡിഎഫിന്റെ കെട്ടുറപ്പിന് തെല്ലും കോട്ടമില്ല. ഇനി ആകെ ഔദ്യോഗികമായുള്ള പുതിയ മന്ത്രിമാരുടെ വകുപ്പ് പ്രഖ്യാപനം മാത്രം ബാക്കി.