തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിക്കാന്‍ നടന്നത് ആസൂത്രിത നീക്കം.
ഒരു വിഭാഗം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നേതൃത്വത്തില്‍ നടന്ന നീക്കം മുഖ്യമന്ത്രി പിണറായി വിജയനെ പേടിച്ചാണ് നടക്കാതെ പോയത്.
സമരം ചെയ്ത യു.എന്‍.എ അടക്കമുള്ള നഴ്‌സിങ്ങ് സംഘടനകളുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ചിരുന്നു.
ഈ സമിതിയെ സ്വാധീനിച്ച് ശബള വര്‍ദ്ധനവ് അട്ടിമറിക്കാനുള്ള നീക്കമാണ് പാളിയത്.
മറ്റ് സംസ്ഥാനങ്ങള്‍ ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയിട്ടില്ലന്നും ആശുപത്രികളില്‍ മിക്കതിന്റെയും നടത്തിപ്പ് സാമ്പത്തികമായി നഷ്ടത്തിലാണെന്നും മറ്റും പറഞ്ഞായിരുന്നു അട്ടിമറി നീക്കമത്രെ.
ശമ്പള വര്‍ദ്ധനവ് തീരുമാനം നടപ്പാക്കാതിരിക്കാന്‍ റിപ്പോര്‍ട്ട് വൈകിപ്പിക്കാനും ഒടുവില്‍ ചില നീക്കങ്ങളുണ്ടായി.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ക്കശ നിലപാടുകളെ പേടിച്ച് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ക്കൊപ്പം നിന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
അട്ടിമറിക്കാന്‍ നീക്കം നടത്തിയ സ്വകാര്യ മാനേജുമെന്റുകള്‍ക്ക് കനത്ത തിരിച്ചടിയാണ് ശമ്പള വര്‍ദ്ധനവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ഇപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ തീരുമാനങ്ങളെ ഉദ്യോഗസ്ഥ റിപ്പോര്‍ട്ടുകള്‍ മുന്‍ നിര്‍ത്തി അട്ടിമറിക്കുന്ന മുന്‍ കാല ചരിത്രത്തിലെ ഒരു പൊളിച്ചെഴുത്ത് കൂടിയാണ് ഇതോടെ സംസ്ഥാനത്ത് തുടക്കമിട്ടിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിര്‍ണയിച്ച ശമ്പളം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ.
സംസ്ഥാനങ്ങളിലെ 200 കിടക്കകള്‍ക്കു മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം നല്‍കണമെന്നും 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്‍കണമെന്നുമാണ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.
ശുപാര്‍ശ നടപ്പായാലുള്ള ശമ്പള ഘടന: 50 കിടക്കകള്‍വരെ 20,000 രൂപ, 50 മുതല്‍ 100 വരെ കിടക്കകള്‍ 20,900 രൂപ. 100 മുതല്‍ 200 വരെ കിടക്കകള്‍ 25,500 രൂപ, 200നു മുകളില്‍ കിടക്കകള്‍ 27,800 രൂപ.
ട്രെയിനി നിയമനത്തെ നഴ്‌സുമാരുടെ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ട്രെയിനി കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.
നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ചു ശുപാര്‍ശകള്‍ നല്‍കാന്‍ തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ചെയര്‍മാനും ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ രാജീവ് സദാനന്ദന്‍, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ലേബര്‍ കമ്മിഷണര്‍ കെ.ബിജു എന്നിവര്‍ അംഗങ്ങളുമായ സമിതിയെയാണ് നിയോഗിച്ചിരുന്നത്.