ന്യൂഡല്‍ഹി: സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിക്ക് പോളിറ്റ് ബ്യൂറോയുടെ അംഗീകാരം.
ഋതബ്രതയെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ബംഗാള്‍ ഘടകമാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.
ഋതബ്രതയ്ക്ക് തെറ്റ് തിരുത്താന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അദ്ദേഹം തിരുത്തലിന് തയാറായില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സുര്‍ജയ കാന്ത മിശ്ര പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്ന നടപടികളാണ് ഋതബ്രതയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സുര്‍ജയ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഋതബ്രതയെ പുറത്താക്കുന്നതു സംബന്ധിച്ച് മേല്‍ഘടകത്തിന് ശിപാര്‍ശ നല്‍കിയിരുന്നു. ഈ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഋതബ്രതയുടെ ജീവിത ശൈലി കമ്യൂണിസ്റ്റിനു നിരക്കാത്തതാണെന്ന മുന്‍ ഭാര്യ ഉര്‍ബയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കഴിഞ്ഞ ജൂണില്‍ മൂന്നു മാസത്തേക്കു പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.