സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തില്‍ ആഭ്യന്തരപരാതിപരിഹാരസമിതി രൂപീകരിക്കാന്‍ തീരുമാനം

 

 

തിരുവനന്തപുരം: സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തില്‍ ആഭ്യന്തര പരാതി പരിഹാരസമിതി രൂപീകരിക്കാന്‍ തീരുമാനം. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ സെറ്റില്‍ ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി രൂപീകരിക്കുന്നത്. മലയാള സിനിമാ സെറ്റുകളില്‍ ആഭ്യന്തരപരാതിപരിഹാരകമ്മിറ്റികള്‍ രൂപീകരിക്കുക, സെറ്റുകളില്‍ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കുക എന്നിവ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളായിരുന്നു. മലയാളത്തില്‍ ഒരു സിനിമാസെറ്റ് അത് ആദ്യമായി നടപ്പാക്കാനൊരുങ്ങുകയാണ്. ചരിത്രപരമായ ഈ നീക്കത്തിന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സംവിധായകനും നിര്‍മാതാക്കള്‍ക്കും നന്ദി പറഞ്ഞു.

കര്‍ണാടക സ്വദേശിയായ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ രണ്ടാമത്തെ മലയാളചിത്രമാണ് 1744 വൈറ്റ് ഓള്‍ട്ടോ. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് കബനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഏറെ നിരൂപകശ്രദ്ധ നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കാസര്‍കോട്ടാണ് 1744 വൈറ്റ് ഓള്‍ട്ടോ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. സെറ്റില്‍ സിനിമയിലെ നടീനടന്‍മാരും അണിയറപ്രവര്‍ത്തകരും കൃത്യമായ ഒരു പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും നിര്‍മാതാക്കളും സംവിധായകനും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ അമ്പിളി, എല്ലാ ക്രൂ അംഗങ്ങളുമായും സംസാരിച്ചുവെന്നും, ഐസിസിയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് വിശദീകരിച്ചുവെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

 

Top