പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ല; ഗുലാം നബി ആസാദ്

ദില്ലി: പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ്. പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു. പത്തു കൊല്ലം ഇതിനായി കാത്തിരുന്നുവെന്ന് ഗുലാം നബി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചുറ്റുമുള്ള സംഘത്തെ എല്ലാവർക്കും അറിയാം. കെ സി വേണുഗോപാലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല. വേണുഗോപാലിന് കടലാസിൽ ഒപ്പിടാനുള്ള അധികാരമേ ഉള്ളു. ശശി തരൂരുമായി രാജിക്കു ശേഷം സംസാരിച്ചില്ല. കോൺഗ്രസിൽ ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണം.

കേരളത്തിൽ നിന്ന് സീറ്റ് ആവശ്യപ്പെട്ടു എന്ന വാർത്ത കെട്ടിചമച്ചതാണ്. നേതൃത്വം കള്ളം പ്രചരിപ്പിക്കുകയാണ്. നേതൃത്വത്തിന് കത്തെഴുതിയത് രാജ്യസഭയിൽ ഒരു കൊല്ലം ബാക്കിയായിരിക്കെയാണ്. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഓടിപ്പോയത് ആത്മവിശ്വാസകുറവിന്‍റെ ലക്ഷണമാണ്. ജയറാം രമേശിനെ ഗുലാം നബി ആസാദ് രൂക്ഷമായി വിമർശിച്ചു. .ജയറാം രമേശിന്‍റെ ഡിഎൻഎ പരിശോധിച്ചാൽ പല പാർട്ടികളും കാണാം.ജയറാം രമേശിന് ബിജെപിയുമായി ധാരണയുണ്ടായിരുന്നു. കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഉറപ്പാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു..ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

Top