നഗരത്തില്‍ 200 -ലധികം ഇവി ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനായി സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ഗതാഗത വകുപ്പ്, ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, ഡിഎസ്‌ഐഐഡിസി തുടങ്ങിയ ഏജന്‍സികള്‍ തങ്ങളുടെ അധികാരപരിധിയില്‍ സാധ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഡല്‍ഹിയിലെ സമ്പത്ത് വ്യവസ്ഥ ഉയര്‍ത്താനും മലിനീകരണ തോത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നയം സ്വീകരിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇവികള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
ഈ പുതിയ ഇവി പോളിസി ഇരുചക്ര വാഹനങ്ങള്‍, ത്രീ വീലറുകള്‍, ഓട്ടോറിക്ഷകള്‍, ഇ-റിക്ഷകള്‍ എന്നിവയ്ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കും. അതേസമയം ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ വന്‍തോതില്‍ പ്രോത്സാഹനം നല്‍കും. ഈ പുതിയ ഇവി പോളിസി മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും. അതിനുശേഷം പോളിസിയുടെ സമാപനം സര്‍ക്കാര്‍ അവലോകനം ചെയ്യും. ഈ നയത്തിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനകം നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ FAME 2.0 പോളിസിക്ക് മുകളിലായിരിക്കും.
റോഡ് നികുതിയും രജിസ്‌ട്രേഷന്‍ ഫീസും ഈ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കും. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശ വായ്പയും നല്‍കും. നഗരത്തിലുട നീളമുള്ള ആദ്യത്തെ 30,000 ചാര്‍ജിംഗ് സോക്കറ്റുകള്‍ക്ക് 6,000 രൂപയില്‍ താഴെയുള്ള ചാര്‍ജിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ 100 ശതമാനം സബ്സിഡി നല്‍കും. പുതിയ റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ക്കും ഓഫീസുകള്‍ക്കും 20 ശതമാനം പാര്‍ക്കിംഗ് സ്ഥലം ഇവികള്‍ക്കായി നീക്കിവയ്ക്കാനും പുതിയ നയം നിര്‍ബന്ധിക്കുന്നു.