ബ്ലാക്ക് ഫംഗസ് മരുന്നിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മ്യൂക്കോര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ കുറക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലാക്ക് ഫംഗസ് ബാധിതനായ മുത്തച്ഛന് മരുന്ന് വാങ്ങുന്നത് സംബന്ധിച്ച് അഭിഭാഷകന്‍ ഇഖ്‌റ ഖാലിദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

”രാജ്യത്തുടനീളം ആയിരക്കണക്കിനാളുകള്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ആംഫോട്ടെറിസിന്‍ ബി ആവശ്യമാണ്. ഇന്ത്യയില്‍ മരുന്നിന് ക്ഷാമം തീരുന്നത് വരെ അമിത കസ്റ്റംസ് നികുതി ഒഴിവാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണം” കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ മരുന്ന് ഇറക്കുമതി ചെയ്യുന്ന വ്യക്തികള്‍ സ്വയം സമര്‍പ്പിക്കുന്ന ബോണ്ടിന്റെ അടിസ്ഥാനത്തില്‍ നികുതി ഒഴിവാക്കിെകാടുക്കണം.

അഥവാ, തീരുവ സര്‍ക്കാര്‍ എഴുതിത്തള്ളുന്നില്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്നവര്‍ അടയ്ക്കാമെന്ന് ബോണ്ടില്‍ നിബന്ധന വെച്ചാല്‍ മതിയെന്നും ജസ്റ്റിസുമാരായ വിപിന്‍ സംഘി, ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. രാജ്യത്തെ ബ്ലാക്ക് ഫംഗസ് ചികിത്സാ സൗകര്യവും മരുന്ന് ക്ഷാമവും കോടതി ഈ വിഷയത്തില്‍ പരിഗണിച്ചു.

ഈ ഉത്തരവ് കേന്ദ്ര നികുതി വിഭാഗത്തെയും ധനകാര്യ സെക്രട്ടറിയെയും അറിയിക്കുമെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കീര്‍ത്തിമാന്‍ സിങ് കോടതിയെ അറിയിച്ചു.

Top