മോട്ടോര്‍ വാഹന വകുപ്പ് അനധികൃതമായി പിഴ ഈടാക്കുന്നില്ല; എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. സമൂഹമാധ്യമങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് പ്രചരിക്കുന്നത് തെറ്റിദ്ധരണാ ജനകമായ വാര്‍ത്തകളെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിവരുന്നത്. ഇതുകാരണം ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാന്‍ നിലവില്‍ കഴിയുന്നില്ല എന്നതും കേന്ദ്ര നിയമത്തില്‍ പിഴ തുക കുട്ടിയതുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നല്‍കാത്ത കേസുകള്‍ വെര്‍ച്വല്‍ കോര്‍ട്ടുകളിലേക്ക് റഫര്‍ചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി.

അതിനാല്‍ തന്നെ പരിശോധന കുറ്റമറ്റതും നിയമം കര്‍ശനമായും പാലിക്കുന്നതുമാണ്. വാഹനങ്ങളും ഒട്ടിക്കുന്ന ഒരു ടാഗിനും പിഴ ചുമത്തുന്നില്ല. അത്തരത്തില്‍ ആര്‍ക്കെങ്കിലും സംസ്ഥാനത്ത് പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ രേഖാമൂലം അറിയിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍, ഹെല്‍മറ്റ് ഉപയോഗിക്കാത്തവര്‍, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ലംഘിച്ച് സണ്‍ഫിലിം ഒട്ടിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ട്.

വാഹനങ്ങള്‍ക്ക് വാങ്ങിയ ശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. സീറ്റ് ഇളക്കിമാറ്റിവച്ച് ബൈക്ക് ഓടിക്കുക, കാറുകള്‍ രൂപ മാറ്റി വരുത്തി ഓടിക്കുക എന്നിവ ഇപ്പോള്‍ കൂടി വരികയാണ്. ഇത് അപകടം കൂടാനും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും കാരണമാകുന്നു. ഓരോ വാഹനങ്ങള്‍ക്കും അത് രൂപകല്പന ചെയ്ത് നിര്‍മിക്കുന്ന കമ്പനികള്‍ ഡിസൈന്‍ അപ്രൂവല്‍ എടുത്തിട്ടുണ്ട് സിഐആര്‍ഐ/എആര്‍എഐ എന്നി ഏജന്‍സികളാണ് വാഹന ഡിസൈന്‍ ഇന്ത്യയില്‍ അപ്രൂവല്‍ ചെയ്ത് നല്‍കുന്നത്.

ഇത് പ്രകാരം രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാന്‍ ആര്‍ക്കും നിയമ പ്രകാരം അധികാരമില്ല എന്നത് എല്ലാവരും മനസിലാക്കേണ്ടതാണ്. മോട്ടോര്‍ വാഹന വകുപ്പ് നിയമം ലംഘിച്ച് ഒരു പരിശോധനയും നടത്തുന്നില്ല. എന്നാല്‍ നിയമ ലംഘനത്തിന് നേരെ കണ്ണടയ്ക്കാനും വകുപ്പ് ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top