കൊല്ലം: കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സ തുടരണമെങ്കില്‍ ഇനി ആരോഗ്യവകുപ്പ് സ്വയം ഫണ്ട് കണ്ടെത്തണം. കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സയ്ക്ക് നികുതി വകുപ്പ് പണം നല്‍കില്ലെന്ന് കാണിച്ച് നികുതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഇതോടെ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നുള്ള സൗജന്യ ചികിത്സ പൂര്‍ണമായും നിലച്ചു.
അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാഗ്ദാനമെങ്കിലും സൗജന്യ ചികിത്സ തിങ്കളാഴ്ച മുതല്‍ നിലച്ചു. നികുതി വകുപ്പ് ഉത്തരവ് അനുസരിച്ച് തുക നല്‍കാനാകാത്ത അവസ്ഥ വന്നതോടെയാണ് സൗജന്യം നിലച്ചത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി അറിയിക്കാന്‍ ആരോഗ്യ സെക്രട്ടറി ആരോഗ്യ മെഡിക്കല്‍ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനിടയിലാണ് നികുതി വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.
കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സഹായം തേടുന്ന എല്ലാവരേയും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും ഉള്‍പ്പെടുത്താനാകില്ല. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പാക്കേജ് രീതിയിലായതിനാല്‍ പല ചികിത്സകള്‍ക്കും ആവശ്യമായ തുക കിട്ടില്ല. ഹീമോഫീലിയ രോഗികള്‍ക്ക് ഉള്‍പ്പെടെ മരുന്നും ലഭിക്കില്ല. ഇതോടെ മരുന്നുകളും ചികില്‍സയും പൂര്‍ണമായും മുടങ്ങുന്ന അവസ്ഥയായി.