ബില്‍ക്കിസ് ബാനുവിന്റെ ഹ‍ർജി തള്ളിയ ഉത്തരവിലെ വിശദാംശങ്ങള്‍ പുറത്ത്

ദില്ലി: കൂട്ടബലാൽസംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിന് എതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. പഴയ വിധി പുനപരിശോധിക്കാന്‍ കാരണമില്ലെന്നും മറ്റ് വിധികളുടെ അടിസ്ഥാനത്തില്‍ പുനപരിശോധന വേണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയുള്ള വിധിയില്‍ കോടതിക്ക് പിഴവുണ്ടായിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2002 ലെ ഗുജറാത്ത് കലാപ കാലത്താണ് ദഹോദിൽ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. ബാനുവിന്റെ മൂന്ന് വയസുകാരിയായ മകൾ ഉൾപ്പടെ 12 പേരെ ജനക്കൂട്ടം കൊലപ്പെടുത്തി. കൂട്ടബലാൽസംഗ കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിചാരണ കോടതി നല്‍കിയിരുന്നു. ഇവരെ ഈ വർഷം ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടോ എന്ന ചോദ്യം നേരത്തെ സുപ്രീംകോടതിയിൽ എത്തിയിരുന്നു.

കുറ്റം ഗുജറാത്തിലാണെങ്കിലും വിചാരണ പിന്നീട് മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. അതിനാൽ മഹാരാഷ്ട്ര സർക്കാരിനേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയു എന്ന വാദം എന്നാൽ സുപ്രീംകോടതി അംഗീകരിച്ചില്ല. ഗുജറാത്ത് സർക്കാരിന് ഇതിനുള്ള അധികാരമുണ്ടെന്ന ഉത്തരവ് കോടതി നല്‍കി. ഈ വിധിയുടെ ബലത്തിലാണ് പിന്നീട് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.

ഗുജറാത്ത് സർക്കാരിന് പ്രതികളെ വിട്ടയക്കാനുള്ള അധികാരമുണ്ടെന്ന ഉത്തരവിനെതിരെ ബിൽക്കിസ് ബാനു നല്‍കിയ പുനപരിശോധനന ഹർജിയാണ് ഇപ്പോൾ തള്ളിയത്. ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവരുടെ ബഞ്ച് ചേംബറിലാണ് ഹർജി പരിഗണിച്ചത്. നിലവിൽ കോടതിയിൽ നിന്ന് അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും, ഉത്തരവ് ലഭിച്ചതിന് ശേഷമാകും തുടർനടപടികൾ തീരുമാനിക്കുക എന്നും ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത അറിയിച്ചു.

Top