തിരുവനന്തപുരം: ഡിജിപി ലോകനാഥ് ബെഹ്റ പൊലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു. പൊലീസ് അസോസിയേഷന്റെയും പൊലീസ് ഓഫീസ് അസോസിയേഷന്റെയും യോഗമാണ് വിളിച്ചു ചേര്‍ത്തത്. ഇന്ന് രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം. എസ്എപി ക്യാമ്പിലെ സംഘടനാ നേതാക്കളെയും യോഗത്തില്‍ വിളിച്ചിട്ടുണ്ട്.
എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചെന്ന പൊലീസ് ഡ്രൈവറായ ഗവാസ്കറുടെ പരാതി വിവാദമായതോടെയാണ് സേനയിലെ അടിമപ്പണിയെ സംബന്ധിച്ച് പ്രതിഷേധമുയരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ വാഹനങ്ങളുടെ കണക്കും നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നുവെന്ന് ആരോപണങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.