ചര്‍ച്ച പരാജയപ്പെട്ടു, എ.ഐ.എ.ഡി.എം.കെ ലയനത്തിന് ഇനിയും കാത്തിരിക്കണം

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഇരുപക്ഷങ്ങളുടെ ലയനത്തിന് കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരും.

പനീര്‍ശെല്‍വം-പളനിസാമി വിഭാഗം തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ചെന്നൈ മറീനാ ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്ഥലത്ത് വച്ച് എ.ഐ.എ.ഡി.എം.കെ ലയന പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ അതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇന്നലെ രാവിലെ മുതല്‍ ലയന ചര്‍ച്ചകള്‍ സജീവമായിരുന്നതിനാല്‍ ജയലളിതയുടെ സമാധി സ്ഥലത്തേക്ക് ഇരുപക്ഷത്ത് നിന്നുള്ള എം.എല്‍എമാരും പ്രവര്‍ത്തകരും മാദ്ധ്യമങ്ങളും ഒഴുകിയെത്തി.

അമ്മാ സ്മാരകം തിരക്കിട്ട് പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. എന്നാല്‍ രാത്രി വൈകി ലയനനീക്കങ്ങള്‍ പരാജയപ്പെട്ടു എന്ന വാര്‍ത്ത പുറത്തു വന്നതോടെ അണികള്‍ പിരിഞ്ഞു പോവുകയായിരുന്നു.

Top