ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ തുടരുന്ന അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി.
കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയിലെ ഭരണാധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന് ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ആം ആദ്മി സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.
കഴിഞ്ഞ ദിവസം ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ആം ആദ്മി സര്‍ക്കാര്‍ 21 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച തീരുമാനം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ ഭരണാധികാരി ലെഫ്റ്റനന്റ് ഗവര്‍ണറാണെന്ന കോടതിയുടെ നിരീക്ഷണം പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം റദ്ദാക്കിയിരിക്കുന്നത്.