കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് രോഗവ്യാപനത്തില്‍ കുറവുണ്ടായതായി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതും ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതും ഉള്‍പ്പെടെ നടത്തിയ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും ജില്ലാതല അവലോകന യോഗത്തിനു ശേഷം പറയുന്നു.
അതേസമയം, ജില്ലയില്‍ സമ്പര്‍ക്കവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
തൃക്കാക്കര കരുണാലയത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടം ക്ലോസ്ഡ് കോവിഡ് ക്ലസ്റ്ററാക്കി. വയോജനങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലും ആശ്രമങ്ങളിലും മറ്റും നിരീക്ഷണം ശക്തമാക്കും. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി മത്സ്യമാര്‍ക്കറ്റ് അടച്ചിടും
ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൊലീസ്, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കണം. ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും നാളെ മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കോവിഡ് പരിശോധനാ സംവിധാനമുള്ള സ്വകാര്യ ആശുപത്രികള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ചികിത്സിക്കണം. മുന്‍കൂട്ടി അറിയിച്ച ശേഷമേ മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ അയക്കാവൂ.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും അറിയിച്ചു.