തടവുകാര്‍ തിങ്ങി നിറഞ്ഞ് ചിറ്റേത്തുകരയിലെ ജില്ലാ ജയില്‍

കാക്കനാട്: തടവുകാര്‍ തിങ്ങി നിറഞ്ഞ് ചിറ്റേത്തുകരയിലെ ജില്ലാ ജയില്‍. 87 തടവുകാര്‍ കഴിയേണ്ടിടത്ത് ഇപ്പോള്‍ 203 പേരായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. ലോക്കപ്പുകളില്‍ സധാരണയായി രണ്ടിലധികം ആളുകളെ പാര്‍പ്പിക്കാറില്ല. പക്ഷേ ഇവിടെ അതിന്റെ ഇരട്ടിയാളുകളെ ഉള്‍ക്കൊളിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ തടവുകാര്‍ക്ക് നിവര്‍ന്നു കിടക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.കണക്കില്‍ കൂടുതല്‍ കുറ്റവാളികള്‍ എത്തുമ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ ആവശ്യത്തിന് ഓഫീസര്‍മാരും ജയിലില്‍ ഇല്ല.

വനിതാ ജയിലിലാകട്ടെ 14 തടവുകാരെ താമസിപ്പിക്കാം എന്നാല്‍ അവിടെ ഇപ്പോള്‍ 9 പേര്‍ മാത്രമാണുള്ളത്. ജില്ലാ ജയിലില്‍ തടവുകാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ തൃശൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റാറാണ് പതിവ്. എന്നാല്‍ അവിടെയും തടവുകാരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ ഇവിടെ നിന്നുള്ള തടവുകാരെ സ്വീകരിക്കാതെയായി .

റിമാന്‍ഡ് തടവുകാരാണ് ജില്ലാ ജയിലില്‍ കൂടുതലും. 9 വലിയ ലോക്കപ്പ് മുറികളും 5 ചെറിയ ലോക്കപ്പ് മുറികളും 4 സിംഗിള്‍ ലോക്കപ്പ് മുറികളുമാണ് ഇവിടെയുള്ളത്. ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റര്‍ ഇടം എന്ന രീതിയിലാണ് 2014ലെ ജയില്‍ ചട്ട പരിഷ്‌കരണ നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഇവിടെ അതിന്റെ പകുതി വിസ്തൃതിയുള്ള മുറിയില്‍ തിങ്ങി നിറഞ്ഞാണ് തടവുകാര്‍ കഴിയുന്നത്. 18 മുതല്‍ 21 വരെ പ്രായമുള്ള കുറ്റവാളികളെ ഈ ജയിലില്‍ കൊണ്ടുവരാറില്ല. ജയിലിലുള്ള മറ്റ് യുവതടവുകാരെ ജയിലിനോട് ചേര്‍ന്നുള്ള ബോസ്റ്റല്‍ സ്‌കൂളിലാണ് താമസിപ്പിക്കുന്നത്. ലഹരി മരുന്ന് കേസും മറ്റ് കുറ്റകൃത്യങ്ങളും കൂടുന്നതോടെ കുറ്റവാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ജില്ലാ ജയിലില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സുരക്ഷാപ്രശ്‌നം ഉയരാന്നുള്ളതിന് കാരണമാവും. ജയിലിന് ലഭിക്കുന്ന ചില ഫണ്ടുള്ളതിനാല്‍ തടവുകാര്‍ക്ക് ഭക്ഷണത്തിന് ഇതുവരെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.

Top