കൊച്ചി: സ്‌പൈസസ് ബോര്‍ഡില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി രേഖകള്‍. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ.ജയതിലകിന്റെ ഭാര്യയുടെ സ്ഥാപനത്തിന് അനധികൃതമായി നാലര കോടികളുടെ ഇടപാടുകള്‍ നല്‍കിയെന്നാണ് പുറത്തുവന്നിരിക്കുന്ന രേഖകള്‍ വെളിപ്പെടുത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് സ്‌പൈസസ് ബോര്‍ഡ്. ചട്ടപ്രകാരം കേന്ദ്ര അംഗീകാരമുള്ള സ്ഥാപനങ്ങള്‍ വഴിയേ യാത്രകളും മറ്റും നടത്താവൂ. എന്നാല്‍, ഡോ. ജയതിലകിന്റെ ഭാര്യ സൗദ നഹാസ് പങ്കാളിയായ പെര്‍ഫെക്ട് ഹോളിഡേയ്‌സ് എന്ന സ്ഥാപനവുമായാണ് ബോര്‍ഡ് കോടികളുടെ ഇടപാട് നടത്തിയിരിക്കുന്നത്. സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനയാത്രകള്‍, വിസ, താമസം, അനുബന്ധ യാത്രാചെലവുകള്‍ തുടങ്ങിയവയ്ക്കായാണ് സ്ഥാപനത്തിന് പണം നല്‍കിയിരിക്കുന്നത്.
2011-15 കാലയളവില്‍ നാലരക്കോടി രൂപയോളം വിവിധ ഇനങ്ങളിലായി സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. ജയതിലക് ചെയര്‍മാനായി നിയമിതനായ 2011 മുതലാണ് സ്‌പൈസസ് ബോര്‍ഡ് ഈ സ്ഥാപനവുമായി ഇടപാടുകള്‍ ആരംഭിച്ചത്. അതേസമയം, ഇടപാടുകള്‍ നടന്ന കാലത്ത് സൗദ നഹാസ് തന്റെ ഭാര്യയായിരുന്നില്ലെന്ന് ഡോ. ജയതിലക് പറഞ്ഞു. നിലവില്‍ സ്‌പൈസസ് ബോര്‍ഡിന്റെ ആക്ടിങ് ചെയര്‍മാനും എംപിഇഡിഎയുടെ ചെയര്‍മാനുമാണ് ജയതിലക്.