ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംങ്ടണിലെത്തിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ. ക്കും സൗദിക്കും ഖത്തറിനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണെന്നും, പ്രതിസന്ധി പരിഹരിക്കാനായി ഒരു കരാര്‍ ഉണ്ടാക്കുന്നത് വേഗത്തില്‍ ഫലം കാണുമെന്നും, വൈറ്റ് ഹൗസില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്നും ട്രംപ് വ്യക്തമാക്കി.
അതേ സമയം സൗദി സഖ്യം മുന്നോട്ട് വെച്ച പതിമൂന്ന് ഉപാധികളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എന്നാല്‍ അത് രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടായിരിക്കണമെന്നും കുവൈത്ത് അമീറും വ്യക്തമാക്കി.
സൗദി സഖ്യം മുന്നോട്ട് വെച്ച മുഴുവന്‍ ഉപാധികളും അംഗീകരിക്കാന്‍ കഴിയില്ലെന്നും, രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണ് അവയെന്നും, അമീര്‍ ചൂണ്ടിക്കാട്ടി.
ഉടന്‍ തന്നെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, പ്രശ്‌ന പരിഹാരത്തിനായി സൈനിക നടപടികള്‍ക്ക് ഖത്തറിന് താത്പര്യമില്ല. മറിച്ച് ഐക്യത്തോടെ ജി.സി.സി.യില്‍ തുടരാനാണ് ഖത്തറിന് താത്പര്യമെന്നും അമീര്‍ മാധ്യമങ്ങളോട് പറഞ്ഞു.