ന്യൂയോര്‍ക്ക്: ഖത്തറും നാല് പ്രമുഖ അറബ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിക്കിടെ ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ എമീര്‍ ഷേയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
മേഖലയിലെ പ്രധാന നയതന്ത്ര പ്രതിസന്ധിയെക്കുറിച്ചാണ് ഇരു നേതാക്കളും ചര്‍ച്ചചെയ്തത്.
മിഡില്‍ ഈസ്റ്റിലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്നും അത് എത്രയും വേഗം പൂര്‍ത്തിയാക്കാനാവുമെന്ന ശക്തമായ വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നെന്നും ഇറാനുമായി സൗഹൃദം സ്ഥാപിക്കുന്നുവെന്നും ആരോപിച്ച് ജൂണ്‍ അഞ്ചിന് സൗദി അറേബ്യ, യുഎഇ, ഈജിപ്റ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.
എന്നാല്‍ എല്ലാ ആരോപണങ്ങളേയും ഖത്തര്‍ പൂര്‍ണമായും നിഷേധിച്ചു.
യുഎസും ഖത്തറും തമ്മില്‍ വളരെ ശക്തമായ ബന്ധമാണുള്ളതെന്നും ട്രംപിന്റെ ഇടപെടല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സഹായമാകുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും ഷേയ്ഖ് തമീം വ്യക്തമാക്കി.
ഖത്തര്‍ എപ്പോഴും ചര്‍ച്ച നടത്താന്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ് സ്ഥിതിചെയ്യുന്നത്, അതിനാല്‍ ഖത്തര്‍ പ്രതിസന്ധിക്ക് വലിയ പ്രാധാന്യമാണ് യുഎസ് നല്‍കുന്നത്.
ഖത്തറിന് മേല്‍ ഉപരോധം കൊണ്ടുവന്നപ്പോള്‍ സൗദിക്ക് അനുകൂലമായ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചത്. അതിനാല്‍ വളരെ കരുതലോടെയാണ് ഖത്തര്‍ നീങ്ങുന്നത്.
ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് യുഎസിന്റെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.