ഡോക്ടറെ തട്ടിക്കൊണ്ടുപോയ ‘ഒല’ ഡ്രൈവറും സംഘവും അറസ്റ്റില്‍

മീററ്റ്: ഡോക്ടറെ തട്ടിക്കൊണ്ടുപോയി അഞ്ചുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 14 ദിവസം ബന്ദിയാക്കിയ, ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ‘ഒല’യുടെ ഡ്രൈവറെയും കൂട്ടാളികളെയും പൊലീസ് പിടികൂടി.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് ഇന്നലെയാണ് ഡോക്ടറെ പൊലീസ് മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘത്തിനുനേര്‍ക്ക് വെടിവയ്പ്പ് നടത്തിയാണ് ഡ്രൈവര്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ്‌ചെയ്തത്. പൊലീസ് വെടിവയ്പ്പില്‍ പ്രതികളില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ദില്ലിയില്‍ ജോലി ചെയ്യുന്ന തെലുങ്കാന സ്വദേശിയായ ഡോക്ടര്‍ ശ്രീകാന്ദ് ഗൗഡ ആണ് ബന്ദിയാക്കപ്പെട്ടത്. താന്‍ ജോലി ചെയ്യുന്ന കിഴക്കന്‍ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് താമസിക്കുന്ന ദക്ഷിണ ദില്ലിയിലെ വീട്ടിലേക്ക് പോകാനായി ‘ഒല’ ബുക്ക് ചെയ്ത ഡോക്ടറെയാണ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയത്. ജൂലൈ ആറിന് വൈകുന്നേരമായിരുന്നു സംഭവം.

ഡോക്ടര്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിന് പകരം ഡ്രൈവര്‍ കാര്‍ നോയിഡയ്ക്ക് സമീപമുള്ള ദാദ്രിയിലേക്കാണ് ഓടിച്ചുകൊണ്ടുപോയത്. ഇവിടെവച്ച് സംഘാംഗങ്ങളായ മൂന്നുപേര്‍ കൂടി കാറില്‍ കയറി ഡോക്ടറെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സംഘം ആദ്യം അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് ഒല അധികൃതര്‍ക്കാണ് ഫോണ്‍ ചെയ്തത്. തുടര്‍ന്ന് ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കും പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തു.

ഡോക്ടര്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് തെളിയിക്കാനായി അദ്ദേഹത്തിന്റെ വീഡിയോ ചിത്രമെടുത്ത് ബന്ധുക്കള്‍ക്കും ‘ഒല’ ഓഫീസിലേക്കും അയച്ചുകൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് 13 ദിവസം സംഘത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പൊലീസ് തങ്ങളുടെ സങ്കേതം മനസിലാക്കുന്നത് ഒഴിവാക്കാന്‍ സംഘത്തിലെ എല്ലാവരും തങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇവരുടെ പിടിയിലുണ്ടായിരുന്ന ഡോക്ടറുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്ന കാര്യം സംഘം ശ്രദ്ധിച്ചില്ല. ഡോക്ടറുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ്, തട്ടിക്കൊണ്ടുപോയ സംഘവും ഡോക്ടറും എവിടെയുണ്ടെന്ന് മനസിലാക്കി.

കഴിഞ്ഞ ഞായറാഴ്ച മീററ്റിന് സമീപം സംഘം ഡോക്ടറുമായി പോയ വാഹനം പൊലീസ് തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിയുന്നതിന് തൊട്ടുമുന്‍പായി സംഘം രക്ഷപെട്ടു.

തുടര്‍ന്ന് ബുധനാഴ്ച മീററ്റിലെ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിട സമുച്ചയത്തില്‍ ഡോക്ടറുമായി സംഘമുണ്ടെന്ന് മനസിലാക്കിയ പൊലിസ് ഇവിടെയെത്തി സംഘവുമായി ഏറ്റുമുട്ടല്‍ നടത്തി ഡോക്ടറെ മോചിപ്പിക്കുകയായിരുന്നു.

Top