ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയാണ് കേരളം. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇടംപിടിച്ച് കഴിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ വീണ്ടും കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഇക്കണോമിസ്റ്റ്’.
കോവിഡിനെ ചെറുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം കൈവരിച്ച നേട്ടത്തോടാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ ഈ മാധ്യമം താരതമ്യപ്പെടുത്തിയത്. കേരളത്തിന്റെയും വിയറ്റ്നാമിന്റെയും പൊതുചിന്താധാരയാണ് ക
മ്മ്യൂണിസമെന്ന് വാരിക അടിവരയിടുന്നു.
കേരളം നിപായെ ചെറുത്ത കഥ വിവരിക്കുന്ന ‘വൈറസ്’ സിനിമയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനമാരംഭിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ടുചെയ്ത ആദ്യ സംസ്ഥാനമാണ് കേരളം. മാര്‍ച്ച് 24 ന് രാജ്യം അടച്ചിടുമ്പോള്‍ അഞ്ചിലൊന്ന് രോഗികളും കേരളത്തിലായിരുന്നു. ആറാഴ്ച പിന്നിട്ടപ്പോള്‍ കേരളം പട്ടികയില്‍ 16-ാമതായി. ഇന്ത്യയില്‍ കോവിഡ് 71 മടങ്ങായപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നായി കുറഞ്ഞു. നാല് മരണം മാത്രം. ഇതിന്റെ 20 ഇരട്ടിയോളം മലയാളികള്‍ വിദേശത്ത് മരിച്ചു. 10 കോടി ജനങ്ങളുള്ള വിയറ്റ്നാമിലും സമാനമാണ് കാര്യങ്ങള്‍. മാര്‍ച്ചില്‍ രോഗം പാരമ്യത്തിലെത്തി. ഇപ്പോള്‍ 39 രോഗികള്‍ മാത്രം. ആരും മരിച്ചില്ല. തൊട്ടടുത്തുള്ള ഫിലിപ്പീന്‍സില്‍ പതിനായിരം പേര്‍ രോഗബാധിതരാകുകയും 650 പേര്‍ മരണപ്പെടുകയും ചെയ്തു എന്ന് വാരികയില്‍ പറയുന്നു.
കേരളത്തിലും വിയറ്റ്നാമിലും പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം എടുത്തുപറയേണ്ടതാണ്. കോവിഡിനെ നേരിടുന്നതില്‍ വിയറ്റ്നാമിലേത് പോലെ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക്വരെ കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കി. നിരീക്ഷണത്തിലുള്ള ഒരു ലക്ഷത്തോളം പേര്‍ക്കായി 16000 ത്തോളം പേര്‍ കോള്‍സെന്ററുകള്‍ ചലിപ്പിച്ചു.
അതിഥിത്തൊഴിലാളികള്‍ക്കും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. അപകടം ഒഴിവായിട്ടില്ലെന്ന ബോധ്യം കേരളത്തിനും വിയറ്റ്നാമിനുമുണ്ട്. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതില്‍ വലിയ അപകടസാധ്യതയുണ്ടെങ്കിലും പ്രവാസികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍ നീങ്ങുകയാണെന്നും ഇക്കണോമിസ്റ്റ് വാരിക ചൂണ്ടികാട്ടുന്നു.