ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് വേദിയൊരുക്കുന്നതിനല്ല; കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: രാഷ്ട്രീയ ജാഥകളെ കള്ളപ്പണം ചെലവഴിക്കാനുള്ള മര്‍ഗമാക്കുന്നത് സിപിഐഎം രീതിയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി കള്ളപ്പണം ഒഴുക്കിയെങ്കില്‍ സിപിഐഎം എന്തുകൊണ്ട് അന്ന് പരാതി കൊടുത്തില്ലെന്നും മുരളീധരന്‍ ചോദിച്ചു. ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് വേദിയൊരുക്കുന്നതിനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എം വി ഗോവിന്ദന്‍ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കണ്ടലയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയാല്‍ പൂഴ്ത്തിവെപ്പുണ്ടാകും.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പിആര്‍ അരവിന്ദാക്ഷന്‍ എ സി മൊയ്തീന്‍ എന്നിവരുടെ സ്വത്തുക്കളില്‍ നിന്നാണ് പണം തിരിച്ചു പിടിക്കേണ്ടത്. റിസര്‍വ് ബാങ്ക് നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിനെ കേരള ബാങ്ക് സഹായിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കേരള ബാങ്ക് പണം നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎം അല്ല, റിസര്‍വ്ബാങ്ക് ആണെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള തല തിരിഞ്ഞ നിലപാട് ആണ് സര്‍ക്കാരിനുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. നിക്ഷേപകരെ വഴിയാധാരം ആക്കിയതിന്റെ ഉത്തരവാദി പിണറായിയാണെന്നും കരുവന്നൂര്‍ ഒരു ക്ലാസ്സിക് ഉദാഹരണമാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Top