നാഷണൽ ഹെറാൾഡ് കേസിൽ ഇന്ന് അഞ്ച് കോൺഗ്രസ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കളെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. തെലങ്കാനയില്‍ നിന്നുള്ള നേതാക്കളെയാണ് ചോദ്യം ചെയ്യുന്നത്.അഞ്ജൻ കുമാർ, മുഹമ്മദ് അലി ഷബീർ, ഗീത റെഡ്ഡി, സുദർശൻ റെഡ്ഡി, ഗാലി അനിൽ എന്നിവരാണ് ഇ.ഡിക്ക് മുന്നിൽ ഹാജരാവുക.യങ് ഇന്ത്യ കമ്പനിക്ക് ഇവര്‍ ഫണ്ട് നല്‍കിയെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നുമാണ് ഇ.ഡി ആരോപണം. നേരത്തെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡി.കെ ശിവകുമാര്‍ തുടങ്ങി നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതു കൂടാതെ,ഈ മാസം ഏഴിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡി.കെ ശിവകുമാറിനും സഹോദരനും കഴിഞ്ഞദിവസവും ഇഡി സമൻസ് അയച്ചിരുന്നു.

അതേസമയം, ഇ.ഡി നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കോൺ​ഗ്രസ് പറയുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കർണാടകയിലൂടെ പ്രയാണം തുടരവെയാണ് ഇ.ഡിയുടെ ഈ നീക്കമെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. യാത്രയിൽ ശിവകുമാറും പങ്കാളിയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്തംബര്‍ മൂന്നിന് ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും അതേ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ വര്‍ഷം മേയില്‍ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Top