തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റിലെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്ന് മന്ത്രി പറഞ്ഞു. സീറ്റുകളെല്ലാം കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് വെള്ളിയാഴ്ച രാവിലെ എട്ടോടെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും പോർട്ടൽ പണിമുടക്കിയതിനാൽ രാത്രിയിലും വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് പരിശോധിക്കാനായില്ല. പോർട്ടലിൽ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ആവശ്യമായ സാങ്കേതിക ക്രമീകരണം ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്.
ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് സമയം അനുവദിച്ചത്. അലോട്ട്‌മെന്റ് പരിശോധിക്കാൻ കഴിയാത്തതിനാൽ ആദ്യദിവസം ആവശ്യമായ തിരുത്തൽ വരുത്താൻ വിദ്യാർഥികൾക്ക് സാധിച്ചിട്ടില്ല. തിരുത്തലിനുള്ള സമയം ദീർഘിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.