തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; മോദിയും രാഹുലും ഇന്ന് കർണാടകത്തിൽ

ബെംഗലൂരു: കർണാടകത്തിൽ പരസ്യപ്രചാരണം നാളെ അവസാനിരിക്കെ ബെംഗളുരുവിൽ ഇന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും. രാവിലെ 9 മണിക്ക് ബെംഗളുരുവിലെ തിപ്പസാന്ദ്ര മുതൽ ട്രിനിറ്റി ജംഗ്‍ഷൻ വരെയാണ് റോഡ് ഷോ. ഇന്ന് നീറ്റ് പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം റോഡ് ഷോ നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് ശിവമൊഗ്ഗ റൂറലിലും, വൈകിട്ട് മൂന്നരയ്ക്ക് നഞ്ചൻഗുഡിലും മോദിയുടെ റോഡ് ഷോ ഉണ്ട്.

അതേസമയം, ബെംഗളുരു നഗരത്തിൽ ഇന്ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന വൻ പൊതുസമ്മേളനങ്ങളും വൈകിട്ട് നടക്കും. പുലികേശിനഗറിലും ശിവാജി നഗറിലുമായിട്ടാകും രാഹുലിന്റെ പ്രചാരണപരിപാടികൾ. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ മാസം തുടർച്ചയായി ഉത്തര കർണാടകയിലും ഓൾഡ് മൈസുരു മേഖലയിലും ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് നടത്തിയത്.

ഇന്നലെ സോണിയാ ഗാന്ധിയും ഹുബ്ബള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തിരുന്നു. 10 കിലോമീറ്റർ റോഡ് ഷോ നടത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് ആറര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. അവസാന ലാപ്പിൽ പരമാവധി മോദിയെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Top