സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് രേഖകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച വിവരം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിവരങ്ങളാണ് കമ്മിഷന്‍ നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.

2019 ഏപ്രില്‍ 12-ന് മുന്‍പുള്ള വിവരങ്ങളാണിവ എന്നാണ് സൂചന. ഈ തീയതിക്ക് ശേഷമുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ സുപ്രീംകോടതി രജിസ്ട്രി മുദ്രവച്ച കവറില്‍ തിരികെ നല്‍കിയിരുന്നു. കൂടാതെ, പെന്‍ ഡ്രൈവില്‍ ഒരു ഡിജിറ്റല്‍ പകര്‍പ്പും കൈമാറിയിരുന്നു. ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്നുള്ള ഡാറ്റയാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.

ബോണ്ടുകളുടെ തീയതി, മൂല്യം, എണ്ണം എന്നീ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ, ഏത് എസ്.ബി.ഐ ബ്രാഞ്ചാണ് ബോണ്ടുകള്‍ അനുവദിച്ചിരിക്കുന്നത്, രസീത് തീയതി എന്നിവയും തിരിച്ചറിയാം.

ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങള്‍ എസ്.ബി.ഐ. തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. ബോണ്ടുകളുടെയും സ്വീകരിച്ച പാര്‍ട്ടികളുടെയും വിവരങ്ങള്‍ പ്രത്യേകമായാണ് നല്‍കിയിരിക്കുന്നത്.

Top