ഇലക്ഷൻ പെരുമാറ്റച്ചട്ടം മാറ്റാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് വേളകളിൽ നൽകുന്ന വാഗ്ദാനങ്ങളുടെ സാമ്പത്തി സാധ്യത വ്യക്തമാക്കണമെന്നതടക്കമുള്ള മാറ്റങ്ങളാണ് കമ്മീഷൻ കൊണ്ടുവരാനൊരുങ്ങുന്നത്. സൗജന്യ വാഗ്ദാനങ്ങൾ തടയാനാകില്ലെങ്കിലും അവ എങ്ങനെ നടത്തുമെന്ന് വിശദീകരിക്കണമെന്നും അതറിയാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നുമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ സൗജന്യ വാഗ്ദാനം സംബന്ധിച്ചുള്ള കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇത്തരം മാറ്റങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ചിരിക്കുകയാണ്. ഒക്‌ടോബർ 19ന് മുമ്പായി നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് വിവരിക്കുന്നത് വഴി അവ വെറുംവാക്കാകുന്നത് തടയാനുള്ള സാഹചര്യം കുറയ്ക്കുകയും പാർട്ടികൾക്കിടയിൽ താരതമ്യം നടത്താൻ പൗരന്മാരെ സഹായിക്കുകയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

Top