വിവിപാറ്റിലും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കോണ്‍ഗ്രസിന്റെ കത്തില്‍ പുതിയതായി ഒന്നുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ക്ക് രൂപം കൊടുത്തത് അന്നത്തെ കേന്ദ്രസര്‍ക്കാരാണ്. നിലവിലെ ശക്തമായ നിയമചട്ടക്കൂടുകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ഇവ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കുള്ളില്‍ മൈക്രോ കണ്‍ട്രോളര്‍ കാര്‍ഡുകള്‍ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ തന്നെ യന്ത്രം പ്രവര്‍ത്തനരഹിതമാകും. ഒരു തെളിവുമില്ലാതെയാണ് വോട്ടിംഗ് യന്ത്രത്തിനുനേരേ ആരോപണമുന്നയിക്കുന്നത്. ഓരോ കേന്ദ്രസര്‍ക്കാരിന്റെ കാലത്തും യന്ത്രത്തിന്റെ സുരക്ഷയും പ്രവര്‍ത്തനവും മികച്ചതാക്കാന്‍ നപടിയെടുത്തിട്ടുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.
ഇവിഎമ്മുകളെക്കുറിച്ചും വിവിപാറ്റുകളെക്കുറിച്ചും വ്യക്തത വരുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിവിപാറ്റ് സ്ലിപ്പ് വോട്ടര്‍മാര്‍ക്കു കൈമാറി പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഈ കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇവിഎമ്മില്‍ പിഴവുകളോ ക്രമക്കേടുകളോ ഇല്ല. സുപ്രീം കോടതി ഉള്‍പ്പെടെ രാജ്യത്തെ വിവിധ കോടതികളില്‍ പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശങ്കകള്‍ നേരത്തേ പരിഹരിച്ചതാണെന്നും പുതുതായി ഒന്നുമില്ലെന്നും കമ്മിഷന്‍ പറഞ്ഞു.