തിരുത്തല്‍ നടപടി വേണം, പാര്‍ട്ടിയിലെ സ്ഥാനം ചിലര്‍ക്കുമാത്രം; ഡൊമിനിക് പ്രസന്റേഷന്‍

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ ആരോപണവുമായി എറണാകുളം ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ ഡൊമനിക് പ്രസന്റേഷന്‍. തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപനത്തില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയില്ലെന്നും പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടി വേണമെന്നും വിമര്‍ശനം. വി.എം. സുധീരനോടുള്ള നേതൃത്വത്തിന്റെ സമീപനം ശരിയല്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് ഞങ്ങളെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ തുറന്നുപറഞ്ഞാല്‍ മതി. പാര്‍ട്ടിയുടെ ഈ പോക്ക് ശരിയല്ല, തിരുത്തല്‍ ഉണ്ടാകണം എന്നാഗ്രഹമുള്ളതുകൊണ്ട് തുറന്നുപറയുകയാണ്. ഇതിന്റെ പേരില്‍ അച്ചടക്ക നടപടികള്‍ വന്നാല്‍ അത് നേരിടാന്‍ തയ്യാറാണ്. കുറച്ചുപേര്‍ക്ക് മാത്രമാണ് പാര്‍ട്ടിക്കകത്ത് സ്ഥാനമുള്ളത്. നിവൃത്തി ഇല്ലാതെയാണ് തുറന്നുപറയുന്നത്. കുറേയധികം സഹിച്ചു, ഡൊമിനിക് പ്രസന്റേഷന്‍ വ്യക്തമാക്കി .

എറണാകുളം ഡിസിസിയുമായുള്ള തര്‍ക്കത്തില്‍ ഉമ തോമസ് എം.എല്‍.എയെ ഡൊമിനിക് പ്രസന്റേഷന്‍ പിന്തുണച്ചു. ഉമാ തോമസിന്റെ പരാതികളെല്ലാം വസ്തുതാപരമാണെന്നും വിഷയത്തില്‍ കെ.പി.സി.സി. ഇടപെടുന്നില്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ കുറ്റപ്പെടുത്തി. എല്ലാ എം.എല്‍.എമാരേയും നേതൃത്വം ഒരുപോലെ കാണണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ കൂട്ടിച്ചേര്‍ത്തു.

Top