യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഹര്‍ജി തീര്‍പ്പാക്കി

kerala hc

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അരൂര്‍ മണ്ഡലത്തില്‍ ഇരട്ട വോട്ട് ആരോപണമുയര്‍ന്ന ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു.

അരൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സാധ്യമാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. 39 ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനാണ് ഹര്‍ജി നല്‍കിയത്. ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ വെബ് കാസ്റ്റിങ് നടത്താമെന്നും ഷാനിമോള്‍ ഉസ്മാന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. കോടതിയും ഇതിനെ പിന്തുണച്ചില്ല. തുടര്‍ന്ന് അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജികളും കോടതി തീര്‍പ്പാക്കി.

തമിഴ്നാട് കേരള അതിര്‍ത്തി മണ്ഡലങ്ങളായ ദേവികുളം പീരുമേട്, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാന്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വോട്ടെടുപ്പ് ദിവസവും തലേന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ അടയ്ക്കും. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതും കേന്ദ്ര സേനയെ വിന്യസിക്കലും നടപടികളുടെ ഭാഗമായുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

 

Top