തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരാകണം എംബസികളിലുണ്ടാകേണ്ടതെന്നും, മലയാളം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ എംബസികളിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
വിദേശജോലിക്ക് പോകുന്നവര്‍ എംബസി വഴി കാര്യങ്ങള്‍ നീക്കിയാല്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാമെന്നും, ഇതിനുവേണ്ടി എംബസികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും, സഹായം ചോദിച്ചുവരുന്നവരെ ഉപദ്രവകാരികളായി കാണരുതെന്നും പിണറായി പറഞ്ഞു.
കുറ്റമറ്റ കുടിയേറ്റ നിയമം വേണമെന്നും, കേസുകളില്‍ പെടുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്ര വിദേശകാര്യമന്ത്രാലയം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.