തിരുവനന്തപുരം: വ്യാജരേഖ ചമച്ച് കരാര്‍ നിയമനം നീട്ടി നല്‍കിയ സംഭവത്തില്‍ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസില്‍ നിന്നാണ് പിരിച്ചുവിട്ടത്. കരാര്‍ റദ്ദാക്കിയതായി പൊതുമരാമത്ത് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജോലിക്കാരിയുടെ വ്യാജരേഖയില്‍ ഒപ്പുവെച്ച സിഇഒക്കെതിരെ നടപടിയെടുത്തിട്ടില്ല. ജീവനക്കാരിയെ പുറത്താക്കിയെങ്കിലും സിഇഒ അതേ പദവിയില്‍ തുടരുകയാണ്. ഉത്തരവുകള്‍ മറികടന്നാണ് കരാര്‍ നീട്ടാനുള്ള മുദ്രപത്രത്തില്‍ സിഇഒ ഒപ്പിട്ടത്. ഇതിനിടെ ജീവനക്കാരിയെ മാത്രം പിരിച്ചുവിട്ട് വിഷയം ഒതുക്കി തീര്‍ത്ത് കൈ കഴുകാന്‍ നീക്കമെന്നാണ് പരാതി ഉയരുന്നത്. പൊതുമരാമത്ത് വകുപ്പില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വ്യാജരേഖ ചമച്ച് നീട്ടിയ കരാര്‍ നിയമനം റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുന്നവരുടെ കരാര്‍ പുതുക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി നേടണമെന്ന മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു സിഇഒ എം അശോക് കുമാര്‍ രമ്യ എന്ന ജീവനക്കാരിക്ക് മാത്രമായി കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കിയത്. സംഭവം റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നതിനെ പിന്നാലെ കരാര്‍ റദ്ദാക്കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജീവനക്കാരിയില്‍ നിന്ന് വിശദീകരണം നേടിയതായും മന്ത്രി പറഞ്ഞു. എന്നാല്‍ വ്യാജ രേഖ ചമച്ചതിന് പൊലീസില്‍ പരാതി നല്‍കുന്നതിനെക്കുറിച്ചോ സര്‍ക്കാര്‍ മുദ്രപത്രത്തില്‍ വ്യാജമായി എഴുതിച്ചേര്‍ത്തതില്‍ ഒപ്പിട്ട സിഇഒയ്ക്ക് എതിരെ എന്ത് നടപടി എടുത്തെന്നോ മന്ത്രി വിശദീകരിക്കുന്നുമില്ല.
കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് ഫണ്ട് ബോര്‍ഡില്‍ നടന്ന ക്രമക്കേട് റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നത്. റോഡ് ഫണ്ട് ബോര്‍ഡിലെ കരാര്‍ ജീവനക്കാരിയായ രമ്യയുടെ കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍ വ്യാജ രേഖ ചമച്ച് രണ്ടുവര്‍ഷത്തേക്ക് കരാര്‍ നീട്ടുകയായിരുന്നു. റോഡ് ഫണ്ട് ബോര്‍ഡിലെ മറ്റ് മുപ്പതിലധികം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് നീട്ടിക്കൊടുക്കാതെ ഒരാള്‍ക്ക് മാത്രമായി റോഡ് ഫണ്ട് സിഇഒ എം അശോക് കുമാര്‍ കരാര്‍ നീട്ടി നല്‍കുകയായിരുന്നു. ഒരു വര്‍ഷത്തേക്ക് നീട്ടാനുള്ള നടപടി പൂര്‍ത്തിയാക്കിയ ശേഷം ജീവനക്കാരി രമ്യയും സിഇഒ എം അശോക് കുമാറും മാത്രം അറിഞ്ഞാണ് സര്‍ക്കാര്‍ മുദ്രപത്രം ദുരുപയോഗം ചെയ്ത് ഒരു വര്‍ഷം എന്നത് രണ്ട് വര്‍ഷമാക്കി എഴുതി ചേര്‍ത്ത് കരാര്‍ പുതുക്കിയത്. ലീവ് സറണ്ടര്‍ അടക്കമുള്ള ആനുകൂല്യങ്ങളും രമ്യ തട്ടിയെടുത്തു.