ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍.
ശിവകുമാറിന്റെ അടുത്ത സഹായികളായ സച്ചിന്‍ നാരായണ്‍, കൂട്ടുപ്രതി അഞ്ജനേയ ഹലുമന്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തു.
ശിവകുമാര്‍ രൂപവത്കരിച്ച എഡ്യുക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടും സിംഗപ്പൂരിലെ പണമിടപാട് സംബന്ധിച്ചുമാണ് ചോദിച്ചത്. 2017-ല്‍ ശിവകുമാറും ഐ ശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംഗപ്പൂരിലേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും ഇഡി ആരാഞ്ഞു. ട്രസ്റ്റിന്റെ ട്രസ്റ്റി ഐശ്വര്യയാണ്.
ശിവകുമാര്‍ രൂപവത്കരിച്ച എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ കോടികളുടെ ബിസിനസ് ആണ് കൈകാര്യം ചെയ്യുന്നത്. നിരവധി എന്‍ജിനീയറിംഗ് കോളജുകളും ട്രസ്റ്റ് നടത്തുന്നുണ്ടെന്ന് ഇഡി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നത്.