ട്വന്‍റി 20 ലോകകപ്പില്‍ മഴ മൂലം ഇംഗ്ലണ്ട്-ഓസീസ് മത്സരവും ഉപേക്ഷിച്ചു

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ-12 പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ​​ഗ്രൗണ്ടില്‍ മഴ തോരാന്‍ ഏറെനേരം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. ടോസ് പോലുമിടാതെയാണ് മത്സരം ഉപേക്ഷിച്ചത്. അഫ്‍ഗാനിസ്ഥാന്‍-അയർലന്‍ഡ് മത്സരവും നേരത്തെ ഉപേക്ഷിച്ചിരുന്നു.

മെല്‍ബണിലെ ഔട്ട്ഫീല്‍ഡ് കനത്ത മഴയില്‍ കുതിർന്നിരുന്നു. മാച്ച് റഫറിയും അംപയർമാരും പലതവണ മൈതാനത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ടീമുകള്‍ പോയിന്‍റ് പങ്കിട്ടു.

സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ വലിയ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്ട്രേലിയ അങ്കം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത് ഇരു ടീമുകള്‍ക്കും കനത്ത തിരിച്ചടിയാണ്. മത്സരം കാണാനായി മെല്‍ബണിലേക്ക് ഇരു ടീമിന്‍റേയും ആരാധകർ ഇരച്ചെത്തിയിരുന്നു.

ലോകകപ്പിലെ സൂപ്പര്‍-12ല്‍ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. മെല്‍ബണ്‍ തന്നെയായിരുന്നു ഈ മത്സരത്തിന്‍റേയും വേദി. സൂപ്പര്‍-12ല്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അഫ്ഗാന്‍റെ സൂപ്പര്‍-12 പോരാട്ടവും മഴമൂലം നടന്നിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അയര്‍ലന്‍ഡിനും മത്സരം ഉപേക്ഷിച്ചത് തിരിച്ചടിയാണ്.

Top