ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് പുനരാരംഭിക്കും

ലണ്ടന്‍: ബോക്‌സിംഗ് ഡേയില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങുകയാണ്. ലിവര്‍പൂള്‍, ആഴ്‌സനല്‍, ടോട്ടനം ടീമുകള്‍ക്കെല്ലാം ഇന്ന് മത്സരമുണ്ട്. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ആഴ്‌സനല്‍ ഇറങ്ങുന്നത്. അഞ്ച് പോയിന്റ് ലീഡുമായാണ് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ ആഴ്‌സനലിന്റെ കുതിപ്പ്. പതിനാല് കളിയില്‍ തോറ്റത് ഒരേയൊരു തവണ മാത്രം. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ വെസ്റ്റ്ഹാമാണ് ഗണ്ണേഴ്‌സിന്റെ എതിരാളികള്‍.

ലോകകപ്പ് കാരണം ആറാഴ്ചത്തെ ഇടവേള വന്നതിനാല്‍ ആദ്യ ഘട്ടത്തിലെ സ്ഥിരത നിലനിര്‍ത്തുകയാണ് മൈക്കേല്‍ അര്‍ട്ടേറ്റയുടെയും സംഘത്തിന്റേയും ലക്ഷ്യം. നാളെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് മത്സരം തുടങ്ങുക. ലിവര്‍പൂളിന് എവേ മത്സരത്തില്‍ ഇന്ന് ആസ്റ്റന്‍ വില്ലയാണ് എതിരാളികള്‍. 14 കളിയില്‍ വെറും ആറ് ജയം മാത്രം നേടിയ ലിവര്‍പൂള്‍ നിലവില്‍ ആറാം സ്ഥാനത്താണ്. പരിക്കാണ് യുര്‍ഗന്‍ ക്ലോപ്പിനും സംഘത്തിനും തിരിച്ചടിയാകുന്നത്.

ലൂയിസ് ഡിയാസ്, ഡിയേഗോ ജോട്ട, ജയിംസ് മില്‍നര്‍, റോബര്‍ട്ടോ ഫിര്‍മിനോ, കര്‍ട്ടിസ്‌ജോണ്‍സ്, ഇബ്രാഹിമ കൊനാട്ടെ എന്നിവരെല്ലാം പരിക്കിന്റെ പിടിയില്‍. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ആസ്റ്റന്‍ വില്ല നിലയില്‍ ഉണ്ടാകില്ല. രാത്രി പതിനൊന്നിനാണ് മത്സരം. ടോട്ടനത്തിന് ഇന്ന് എവേ മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗില്‍ അഞ്ച് തുടര്‍ ജയങ്ങളുമായെത്തുന്ന ന്യൂകാസില്‍ യുണൈറ്റഡ്, ലെസ്റ്റര്‍ സിറ്റിയെ നേരിടും.

എവര്‍ട്ടന്‍- വോള്‍വ്‌സ, സതാംപ്റ്റണ്‍- ബ്രൈറ്റണ്‍, ക്രിസ്റ്റല്‍ പാലസ്- ഫുള്‍ ഹാം എന്നീ മത്സരങ്ങളും ഇന്നാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ചെല്‍സിയും നാളെയാണ് കളത്തിലിറങ്ങുക. അതേസമയം, ഇടവേളയ്ക്ക് ശേഷം ടീം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. മുന്നോടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാല് താരങ്ങളുടെ കരാര്‍ ഒരുവര്‍ഷത്തേക്ക് പുതുക്കും. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ഡിയോഗോ ഡാലോട്ട്, ഫ്രെഡ്, ലൂക് ഷോ എന്നിവരുടെ കരാറാണ് പുതുക്കുക.

Top