എക്‌സ്ട്യൂറിസ്‌മോ അധികം വൈകാതെ ആഗോള മാർക്കറ്റിലും എത്തും

ന്യൂയോർക്ക്: ഗതാഗതരംഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിക്കാൻ ഇതാ എത്തുന്നു പറക്കും ബൈക്ക്. ലോകത്തെ ആദ്യത്തെ ഹോവർബൈക്കായി പരിചയപ്പെടുത്തപ്പെടുന്ന എക്‌സ്ട്യൂറിസ്‌മോ അമേരിക്കയിൽ കന്നി പറക്കൽ നടത്തിക്കഴിഞ്ഞു. ബൈക്ക് അധികം വൈകാതെ ആഗോള മാർക്കറ്റിലും എത്തും. മണിക്കൂറിൽ 100 കി.മീറ്റർ വേഗതയിൽ 40 മിനിറ്റ് നേരം വായുവിൽ പറക്കാൻ ശേഷിയുള്ളതാണ് എക്‌സ്ട്യൂറിസ്‌മോ. ജപ്പാൻ കമ്പനിയായ എയർവിൻസ് ആണ് ബൈക്കിന്റെ നിർമാതാക്കൾ. ബൈക്ക് നേരത്തെ തന്നെ ജപ്പാൻ വിപണിയിൽ വിൽപനയ്‌ക്കെത്തിയിട്ടുണ്ട്.

ഡിട്രോയിറ്റ് ഓട്ടോ ഷോയിലാണ് എക്‌സ്ട്യൂറിസ്‌മോ യു.എസിലെ കന്നി യാത്ര നടത്തിയത്. അടുത്ത വർഷം ബൈക്കിന്റെ ചെറിയ പതിപ്പ് അമേരിക്കയിൽ വിൽപനയ്‌ക്കെത്തിക്കാൻ പദ്ധതിയിടുന്നതായി എയർവിൻസ് സി.ഇ.ഒ ഷുഹൈ കൊമാറ്റ്‌സു പറഞ്ഞു. 7,77,000 ഡോളറാണ് (ഏകദേശം ആറു കോടി രൂപ) നിലവിൽ ബൈക്കിന്റെ വില. എക്‌സ്ട്യൂറിസ്‌മോയുടെ ചെറുകിട, ഇലക്ട്രിക് മോഡലിൽ കുറച്ചുകൂടി വില കുറച്ച് ഇറക്കാൻ പദ്ധതിയുള്ളതായും കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 50,000 ഡോളർ വരെ ചെലവ് ചുരുക്കാനാണ് ആലോചിക്കുന്നത്. എന്നാൽ, ഇലക്ട്രിക് ബൈക്ക് വിപണിയിലിറക്കാൻ മൂന്നു വർഷത്തോളം എടുക്കും.

Top