പുത്തന്‍ സ്മാര്‍ട്ട് സാങ്കേതികതയുടെ പ്രദര്‍ശനമായ ജൈറ്റക്‌സ് 2017 ന് ഇന്ന് തുടക്കം

ദുബായ്: പുത്തന്‍ സ്മാര്‍ട്ട് സാങ്കേതികതയുടെ പ്രദര്‍ശനമായ ജൈറ്റക്‌സ് 2017 ന് ഇന്ന് തുടക്കമാകുന്നു.

97 രാജ്യങ്ങളില്‍ നിന്നും 4500 പ്രദര്‍ശകരാണ് വിവിധ വിഭാഗങ്ങളിലായി സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കാന്‍ എത്തുന്നത്.

ലോകത്തെ പ്രമുഖ ടെക് കമ്പനികളും സംരംഭകരും ഉള്‍പ്പെടെ 150,000 പേരാണ് ജൈറ്റക്‌സ് 2017 ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത്തവണത്തെ ജൈറ്റക്‌സിലെ പ്രധാനതാരം ജര്‍മന്‍ കമ്പനിയായ വോളോകോപ്റ്റര്‍ നിര്‍മിച്ച ഓട്ടോമേറ്റഡ് എയര്‍ ടാക്‌സി എന്ന പറക്കും ടാക്‌സിയായിരിക്കും.

ഇതിനു പുറമെ ഏകീകൃത മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സഹൈലിന്റെയും ഉദ്ഘാടനത്തിന് ജൈറ്റക്‌സ് വേദിയാകുന്നതാണ്.

മൊത്തം ഗതാഗത ശൃംഖല ഒരു സ്മാര്‍ട്ട് ആപ്പിന് കീഴില്‍ കൊണ്ട് വരുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. കൂടാതെ സ്മാര്‍ട്ട് പെഡസ്ട്രിയന്‍ ക്രോസിങ്ങും ആര്‍.ടി.എ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ജൈറ്റക്‌സിലെ ഏറ്റവും വലിയ പവലിയന്‍ സ്മാര്‍ട്ട് ദുബായിയുടേതാണ്.

42 സര്‍ക്കാര്‍ ഏജന്‍സികളുടെ പുതിയ സംരംഭങ്ങളാണ് ഇവിടെ അനാവരണം ചെയ്യുന്നത്.

ഫ്യൂച്ചര്‍ ലൈവ് എന്ന പേരില്‍ 200 സ്മാര്‍ട്ട് സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആരോഗ്യമന്ത്രാലയവും ഇക്കുറി നിരവധി നൂതന സംരംഭങ്ങള്‍ ജൈറ്റക്‌സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഒക്ടോബര്‍ 12നു മേള സമാപിക്കും.

Top