മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 22പേരാണ് മരിച്ചത്. 58 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ധൂലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയില്‍ ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്.സ്ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മരുന്നു നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ ഒട്ടേറെ നൈട്രജന്‍ ഗ്യാസ് സിലണ്ടറുകളും രാസവസ്തുക്കള്‍ നിറച്ച ബാരലുകളും സൂക്ഷിച്ചിരുന്നു. അപകടത്തിന്റെ തീവ്രത ഇതുമൂലം ഇരട്ടിയായെന്നു പോലീസ് പറഞ്ഞു.മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഫാക്ടറിയില്‍ കീടനാശിനി ഉല്‍പ്പാദനമാണ് നടന്നിരുന്നത്.